ഉച്ചയ്ക്ക് മുൻപ് തുടങ്ങിയ ഇടിമിന്നലുകളുടെ പുറകെ ഉച്ചകഴിഞ് അതിശക്തമായ കൊടുങ്കാറ്റ് അകമ്പടിയായി വന്നു. ഗ്ലെൻവുഡ് സ്പ്രിങ്‌സിലെ പഴയ കെട്ടിടങ്ങളുടെ മേൽക്കൂരകൾ കാറ്റിലും, ഇടിമിന്നലിലും പെട്ട് വിറച്ചു തുടങ്ങി. ധാരാളം ചൂട് നീരുറവകളുള്ള ഈ ഭാഗങ്ങളിൽ മലനിലകളിലും താഴ്വരകളിലും ധാരാളം റിസോർട്ടുകൾ പ്രവൃത്തിക്കുന്നുണ്ട്. അവിടെ താമാസമാക്കിയിരുന്ന ആളുകൾ പെട്ടന്നുള്ള ഈ കാലാവസ്ഥാവ്യതിയാനം കണ്ട് ആകെ പേടിച്ചു വിരണ്ടു പോയി. തുടർച്ചയായി മലമുകളിൽ മിന്നലുകൾ പതിക്കുന്നത് കണ്ട് കുട്ടികൾ നിലവിളിച്ചു. പക്ഷെ ഗ്ലെൻവുഡ് സ്പ്രിങ്‌സിലെ സ്ഥിരതാമസക്കാർക്ക് ഇത് എല്ലാവർഷവും കാണുന്ന കാഴ്ചകൾ മാത്രമായിരുന്നു. എന്നാൽ ഇവർ ആരും തന്നെ അറിയാതെ സ്റ്റോമ് കിംഗ് മൗണ്ടൈന്റെ ചെരുവിലൊരിടത്ത് ഒരു സംഭവം നടന്നു. അന്ന് ഉച്ചതിരിഞ്ഞു മലയുടെ ചെരുവിൽ നിന്നിരുന്ന ഉണങ്ങിയ ഒരു ഓക്കുമരത്തിൽ ശക്തിയേറിയ ഒരു മിന്നൽ വന്ന് പതിച്ചു. ഉടനടി ആ മരം നിന്ന് കത്തുവാൻ തുടങ്ങി. സാധാരണ ഒരു കാട്ടുതീയുടെ ആരംഭം. പക്ഷെ ഇതത്ര സാധാരണ കാട്ടുതീ ആയിരുന്നില്ല.